This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൗസിയൂസ്, റുഡോള്‍ഫ് യൂലിയൂസ് എമാനുവെല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൗസിയൂസ്, റുഡോള്‍ഫ് യൂലിയൂസ് എമാനുവെല്‍

Clausius, Rudolf Julius Emmanuel (1822 - 88)

റുഡോള്‍ഫ് യൂലിയൂസ് എമാനുവെല്‍ ക്ലൗസിയൂസ്

ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1822 ജനു. 2-ന് പോമറേനിയയിലെ കോസ്ലിനില്‍ ജനിച്ചു. ഉക്കര്‍മുന്‍ഡിലെ പ്രാഥമിക വിദ്യാഭ്യാസത്തെത്തുടര്‍ന്ന് സ്റ്റെറ്റിനില്‍ നിന്നു ബിരുദം നേടി. 1844-ല്‍ ഇദ്ദേഹം ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് അധ്യാപന ബിരുദം കരസ്ഥമാക്കി. ആറു വര്‍ഷത്തോളം ബര്‍ലിനിലെ ഫ്രീഡ്റിഷ് വെര്‍ഡര്‍ ജിംനാസിയത്തില്‍ ഭൗതികശാസ്ത്രാധ്യാപകനായി സേവനമനുഷ്ഠിച്ചു. 1848-ല്‍ ഹല്ലെ സര്‍വകലാശാലയില്‍ ആകാശനീലിമ, സൂര്യാസ്തമനസമയത്തെ അരുണിമ തുടങ്ങിയവ സംബന്ധിച്ച പഠനങ്ങളില്‍ ഡോക്ടറേറ്റ് നേടി.

1850-ല്‍ ബര്‍ലിനിലെ റോയല്‍ ആര്‍ട്ടിലറി ആന്‍ഡ് എന്‍ജിനീയറിങ് സ്കൂളില്‍ ഇദ്ദേഹം ഭൗതികശാസ്ത്ര പ്രൊഫസറായി സ്ഥാനമേറ്റു. 1850-ല്‍ താപത്തിന്റെ പ്രേരകശക്തിയെപ്പറ്റിയും 'താപസിദ്ധാന്ത'ത്തിന്റെ നിയമങ്ങളെപ്പറ്റിയും ക്ലൗസിയൂസ് ഒരു ഗവേഷണപ്രബന്ധം അവതരിപ്പിച്ചു. താപത്തെ ഒരു യാന്ത്രികപ്രക്രിയയായി പരിഗണിക്കുന്ന 'യഥാര്‍ഥ സിദ്ധാന്ത'മായി ഇതിലെ തത്ത്വം ജയിംസ് ക്ലാര്‍ക്ക് മാക്സ്വെല്‍ അംഗീകരിക്കുകയുണ്ടായി. 'കാര്‍ണോസിദ്ധാന്ത'ത്തോട് അടുപ്പമുള്ളതായിരുന്നു ക്ലൗസിയൂസിന്റെ തത്ത്വം. താപം ഉപയോഗപ്പെടുന്ന പ്രവൃത്തി ചെയ്യുമ്പോള്‍ താപത്തിന്റെ കുറച്ചുഭാഗം നഷ്ടപ്പെടുകയോ പ്രവൃത്തിയായി രൂപാന്തരപ്പെടുകയോ ചെയ്യുമെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. 1851-ലും 54-ലും ഇദ്ദേഹം പരിഷ്കരിച്ച പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സൂറിച്ച് സര്‍വകലാശാലയില്‍ പ്രൊഫസറായിരിക്കുമ്പോള്‍ വാതകങ്ങളുടെ ഗതികസിദ്ധാന്ത(Kinetic theory) ത്തെക്കുറിച്ച് രണ്ട് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു (1857-58). ഹൈഡ്രജന്‍ തന്മാത്രകളുടെ ശരാശരി പ്രവേഗം ഇദ്ദേഹം ഗണിച്ചെടുത്തു. 1862-ല്‍ ഇദ്ദേഹം വാതകപദാര്‍ഥങ്ങളുടെ താപീയ സംവഹന (thermal conductivity) ത്തെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിച്ചു. കൂടാതെ താപഗതികത്തിലെ ഇദ്ദേഹത്തിന്റെ 6-ാമത്തെ 'മെമോയര്‍' ശ്രദ്ധേയമാണ്. 1865 ഏ. 24-ന് സൂറിച്ച് ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍ ക്ലൗസിയൂസ് 9-ാമത്തെ മെമോയര്‍ എന്നു പ്രസിദ്ധമായ പ്രബന്ധം അവതരിപ്പിച്ചു. 'എന്‍ട്രോപ്പി' (entropy) എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഇദ്ദേഹമാണ്. രൂപാന്തരണം എന്നര്‍ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ് ഇദ്ദേഹം ഈ പേര്‍ കണ്ടെടുത്തത്. താപഗതികത്തിന്റെ മൗലികതത്ത്വങ്ങളാണ് ക്ലൗസിയൂസ് കണ്ടുപിടിച്ചത്: 'പ്രപഞ്ചത്തിലെ ഊര്‍ജം സ്ഥിരമാണ്; എന്‍ട്രോപ്പി അധികതമ (maximum)ത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു'.

വുര്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ രണ്ടു വര്‍ഷം പ്രൊഫസര്‍ പദവിയിലിരുന്നശേഷം ക്ലൗസിയൂസ് 1869-ല്‍ ബോണ്‍ സര്‍വകലാശാലയില്‍ ഭൗതികശാസ്ത്ര പ്രൊഫസറായി സ്ഥാനമേറ്റു. താപഗതികത്തില്‍ ഇദ്ദേഹത്തിന്റെ അവസാനത്തെ പ്രബന്ധം 1870-ല്‍ ഇവിടെ അവതരിപ്പിച്ചു. 1864-ല്‍ അച്ചടി പൂര്‍ത്തിയായ പ്രബന്ധസമാഹാരം പരിഷ്കരിച്ച് അബ്ഹാന്‍ഡ്ലുംഗന്‍ ഊബര്‍ ഡീ മെക്കാനിഷെ വെര്‍മെതെയൊറീ (Abhandlungen uber die mechanische Waermetheorie) എന്ന പേരില്‍ 1876-ല്‍ ഒരു ബൃഹദ് ഗ്രന്ഥം പ്രസിദ്ധീകരിച്ചു. താപത്തിന്റെ യാന്ത്രികസിദ്ധാന്തമാണ് ഇതിന്റെ പൊരുള്‍.

1888 ആഗ. 24-ന് ക്ലൗസിയൂസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍